Submit your work, meet writers and drop the ads. Become a member
എന്റെ നിശ്ശബ്ദതയാണെന്റെ കവിത,
എന്നിലെ മൗനതയാണെന്റെ കാവ്യം.
മനസ്സിൽ കുറിച്ചുവെച്ചതാണക്ഷരങ്ങൾ,
വീണ്ടും വായിക്കാൻ നന്നായി  ഉണക്കിയെടുത്ത
അക്ഷരമുത്തുകൾ.
ഒരു നൂറു നൂറർത്ഥങ്ങൾ പകരുന്ന  കവിത.
വായിക്കുന്തോറും വായിക്കാൻ തോന്നുന്ന കവിത.
എന്റെ മൗനമാണെന്റെ കവിത,
ഞാൻ കുറിച്ചുവെച്ച ഒരു നീണ്ടകാവ്യം.
നിഴലിനെ പേടിയായിരുന്നു എന്നുമെനിക്ക്.
ഞാൻ നടക്കുമ്പോഴും, കിടക്കുമ്പോഴും
എന്റെയരികിൽ വന്ന് രാക്ഷസ്സനെപ്പോലെ
ബീഭത്സരൂപം പ്രാപിച്ച്, എന്നെ ഭയപ്പെടുത്തും.
എന്റെയുടലിൽനിന്ന്  ചേതനയുടെ താളം
വറ്റിച്ച് അതിൽക്കിടന്നു മയങ്ങും.
എന്റെയമ്മയുടെയും അച്ഛന്റെയും
നിഴലുകളുടെയുള്ളിൽ എന്റെ നിഴൽ
പതിയിരുന്നു, അവരറിയാതെ.
എന്റെയമ്മയുടെ നിഴൽ നിന്നെ ഗർഭം ധരിച്ചു.
ഒരു പൊക്കിൾക്കൊടിയുടെയകലം
ഒരു ജന്മത്തിന്റെ അകലമാക്കി നീ മാറ്റി.
എനിക്ക് പേടിയായിരുന്നു നിഴലിനെ,
പ്രകാശമില്ലാത്ത രാത്രിയിൽ പക്ഷേ,
നീ എവിടെയൊളിക്കുന്നു ?
മഴ കൊഴിയുന്ന പകലുകളിൽ നീ
എന്തേ, മൗനിയാകുന്നു ?
എന്റെ മുഖത്തിന്റെ കാന്തി മോഷ്ടിക്കുവാൻ
എന്തേ നീ പതുങ്ങി നടന്നിട്ടും സാധ്യമാകാഞ്ഞത് ?
മുഖമില്ലാത്ത നിന്നെ എന്റെ ഹൃദയം അകറ്റുന്നു.
നിനക്ക് ആരുടെ മുഖം ? അറിയില്ല, നിനക്കും, എനിക്കും.
എന്റെ മറുരൂപമായ നിഴലിനെ
ഞാൻ സ്നേഹിക്കണമോ, അറിയില്ല.
പക്ഷേ, നിഴലെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
അതിലേറെ, ഞാൻ അഭിനയിക്കുന്ന  ഈ
നിഴൽ നാടകത്തിലെ എന്റെ കഥാപാത്രവും.
നാലു വീലിൽ ചിലർ വരുന്നു,
നാലു കാലിൽ ചിലർ വരുന്നു.
രണ്ടു കാലിൽ ചിലർ വരുന്നു,
രണ്ടു വീലിൽ ചിലർ വരുന്നു.
ജീവനോടെ വന്നവർ,
ജീവനേകി മറഞ്ഞു പോയ്‌.
ജീവനില്ലാതെത്തിയോർ,
ജീവനേറ്റു, പറഞ്ഞു പോയ്‌.
ചൂടു കൂടി വന്നവർ,
തണുത്തുറഞ്ഞു  മരച്ചു പോയ്‌.
തണുത്തു വിറച്ചു വന്നവർ,
ചൂടിനാലെ പുറത്തു പോയ്‌.
പലർ വന്നു , ചിലർ വന്നു .
കലണ്ടറുകൾ മാറി മാറി വന്നു.
ചുരുണ്ടു കൂടിയിപ്പോഴും കിടക്കുന്നു;
ഒരു പഴയ സ്റ്റെതസ്കോപ്പ്,
പട്ടയം കിട്ടുമോയെന്നുറ്റു നോക്കി.
സ്വന്തം ഹൃദയമിടിപ്പു നോക്കാൻ മറന്നുപോയി.
എനിക്കൊരു മരമായി ഇനി ജനിക്കണം.
ബന്ധങ്ങൾ ബന്ധനങ്ങളാകാതെ,
ഏകനായി ജീവിക്കണം.
കാറ്റടിക്കുമ്പോൾ വേരുകളമർത്തി ചവിട്ടി
വീഴാതെ നില്ക്കണം.
കൈകൾ വിരിച്ചുനെഞ്ചുവിരിച്ചു അങ്ങനെ നില്ക്കണം.
പിന്നെ, തോളോടു തോളുരുമ്മി ചേർന്നുപോകുന്ന
കമിതാക്കളെ നോക്കി പറയണം,
ബന്ധങ്ങൾ ബന്ധനങ്ങളായാൽ,
ബന്ധം പിരിയുമ്പോൾ നെഞ്ഞുള്ളം നൊന്തിടും.
സത്യമായും,
എനിക്കൊരു മരമായി ജനിക്കണം.
ആയിരം മുള്ളുകൾ നിറഞ്ഞയീക്കാട്ടുപാതയിൽ
നിങ്ങളെന്തിനെന്നെയേകയാക്കി?
വന്യമൃഗങ്ങളുടെ­ വിശപ്പിൻ  വിളികൾക്കു
മറുപടിയായി എന്തിനെന്റെ പേർ കുറിച്ച് നീട്ടി?
ഒരേയൊരപേക്ഷ, ഞാൻ ചോദിച്ചോട്ടെ,
സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ.
വിഷമേറ്റാർത്ത നാദത്തിൽ പാഞ്ഞിടും
കൂർത്തോരമ്പുകൾ തൻ ദാഹിച്ച നാവുകൾ,
എന്റെ ഞരമ്പിലെ വറ്റുന്ന ചോരയിൻ
ഉപ്പു രുചിക്കുവാൻ പാഞ്ഞടുത്തീടവേ,
നിന്ന നിൽപ്പിൽ തിരിഞ്ഞു ഞാൻ മെല്ലെയെൻ
നിഴലിനോട്‌ തന്നേ ചോദിച്ചു, ഞാൻ ജീവിച്ചോട്ടെ.
നഗ്നമാം കാട്ടിലെൻ തോലുരിഞ്ഞപോൽ
ഭൂമി വിഴുങ്ങിയ പൊള്ളുന്ന സത്യങ്ങൾ.
ഉള്ളിൽത്തിളച്ചു  തിമിർത്തൊരു ഗർഭമായ്,
എന്നെ വിഴുങ്ങുവാൻ പൊങ്ങുന്ന സത്വമായ്.
തീമഴപെയ്തുനിൻകണ്ണുകലങ്ങിയഗ്നിപ്പുഴ
യോഴുകുന്നതിനും മുൻപേ ഞാൻ ചോദിച്ചിടാം,
വീണ്ടുമപേക്ഷിക്കാം, ഞാനും ജീവിച്ചോട്ടെ.
പല്ലുകൾ മൂർച്ചയേറുന്നു, നഖങ്ങൾ കൂർത്തിടുന്നു.
കിനിഞ്ഞ രക്തപ്പുഴ തിരിച്ചൊഴുകിയെൻമജ്ജയിൽ
പ്രവാഹങ്ങൾ പ്രപഞ്ചസത്യമെഴുതിവയ്ക്കുന്നു.
യുഗങ്ങൾ ചെയ്ത തപസ്സിന്റെയന്ത്യം കാണാൻ,
കാത്തിരിക്കാതെ കാലം ഗുഹയിൽ സമാധിയായി.
മൂക സാക്ഷിയായി മൌനത്തെ സാധകം ചെയ്തു ഞാൻ,
പീയൂഷ വർഷത്തിലാദ്യ രോദനമായ്, കാലമായ്
ആരും കേൾക്കാത്തയത്രയുറക്കെയലറുന്നു.
സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ.
തമസ്സിന്റെ താളമായ് നിലാവിന്റെ നിശ്വാസമായ്‌,
ആയിരമാണ്ടുകൾ തേരേറിവന്നയേകസഖിത്വമായ്,
ഏറ്റുവാങ്ങും ഏങ്ങിക്കരഞ്ഞിടും  എന്റെയീനിഗൂഡജന്മം .
ഇല്ല, അയാൾ തിരിച്ചുവരില്ല,
മുഷിഞ്ഞത് കിടക്ക വിരി അല്ലായിരുന്നു
അയാളുടെ അനുഭവങ്ങൾ അലക്കി വെളുപ്പിച്ച ജീവിതമായിരുന്നു
ഒഴിഞ്ഞത് മദ്യക്കുപ്പി മാത്രമായിരുന്നില്ല
അയാളുടെ സ്വപ്നങ്ങൾ നിറച്ച ഹൃദയത്തിൻ അറകൾ ആയിരുന്നു
അയാൾ ഏറെ താലോലിച്ചു, പിന്നെ ജീവനടർത്തിക്കളഞ്ഞപ്പോളായിരുന്നു
പാവക്കുട്ടിപോലെ അയാളുടെ നായക്കുട്ടി നിശ് ചലമായത്
കുമിഞ്ഞുകൂടിയത് പാഴ്ക്കടലാസായിരുന്നില്ല,
പൊതികളും തുണിക്കഷണങ്ങളും ആയിരുന്നില്ല
മറിച്ച്,
അയാൾക്ക് പ്രിയപ്പെട്ട കവിതയും,
പ്രണയിനിക്കായി കാത്തുവെച്ച വളപ്പൊട്ടുകളും
അവൾക്കു കൊടുക്കുവാനുള്ള പുടവയുമായിരുന്നു.
സുഖാലസ്യത്തിന്റെ അവശിഷ്ടങ്ങളായിരുന്നില്ല അതൊന്നും
പക്ഷെ ,
അയാളുടെ പ്രണയ ദു:ഖത്തിന്റെ സ്മാരകങ്ങൾ ആയിരുന്നു;
അയാളുടെ നോന്തുനീറിയ ഹൃദയം തീർത്ത വേദനയായിരുന്നു.
മുറിയില് നിറഞ്ഞിരുന്ന
ആനന്ദത്തിന്റെ ഉടമയെവിടെ ?
അയാൾ ഇനി വരില്ല.
വിറങ്ങലിച്ച അയാൾ മരങ്ങളുടെ വേരിന്റെയാലിംഗനത്തിൽ
വല്ലാതെ ലയിച്ചുപോയി,
പച്ച മണ്ണിന്റെ ഗന്ധം അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു.
ആ തടിപ്പെട്ടി,
അതിൽ കെട്ടപ്പെട്ടിരിക്കുന്നത്
ഒരിക്കലും മോക്ഷം പ്രാപിക്കാനാകാത്ത
അയാളുടെയും പ്രണയിനിയുടെയും ചുംബിച്ചുറങ്ങുന്ന
നാഗങ്ങളായി മാറിയ ആത്മാക്കളാണ് .
അരുത് ,
ആ തടിപ്പെട്ടി ഒരിക്കലും തുറക്കരുത്
അതവിടിരിക്കട്ടെ.
നീ തന്ന പനിനീർപ്പുഷ്പം
ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു.
അതിന്റെ കടുംചുവപ്പ് വർണ്ണം,
എന്റെ രക്തവുമായി കലർന്നു.
എന്റെ രക്തത്തിനിപ്പോൾ
പനിനീർപ്പുഷ്പത്തിന്റെ സുഗന്ധമാണ്,
നിന്റെ പ്രണയത്തിന്റെ ഗന്ധം!
ആയിരം പനിനീർപ്പുഷ്പങ്ങളിലും
നിന്റെ പ്രണയത്തിന്റെ വർണ്ണം കണ്ടു.
അവയൊന്നൊന്നായ്  ചൊരിഞ്ഞത്,
നമ്മുടെ പ്രണയത്തിന്റെ സുഗന്ധവും!!
തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

ഇല്ലി മുളങ്കാട്ടിൽ നിന്നും
പാട്ടൊന്നു കേട്ടേനും,
പാട്ടു പഠിച്ചിട്ടാണേനും
മൂളക്കമൊന്നു മൂളി.  

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

കൈത വരമ്പത്തെ ചേറിൽ,
കാലൊന്നു തെറ്റാതെ,
ഞാറും ചൊമന്നും കൊണ്ട്,
ഞങ്ങൾ ഓടി വരാണ് തമ്പ്രാ.

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

കോലോത്തെ പാടമാണേ,
പാടം താമരപ്പൂക്കളാണേ.
പൂക്കളിറൂത്തിട്ട്  ഞങ്ങൾ
ഞാറു നടാണ് തമ്പ്രാ.

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

നൂറൊന്നു തേച്ചുകൊണ്ട്
വീശും കാറ്റത്തിരുന്നുകൊണ്ട്,
ഞാറു നടുന്ന ഏനെ തമ്പ്രാൻ
നാഴിയളന്നിടുന്നു.

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

വെക്കം വെയിലു വീഴും
പിന്നെ ദേഹം വിയർപ്പണിയും,
എണ്ണ മണക്കും കാറ്റിൽ  ഏന്റെ,
തമ്പ്രാൻ മയങ്ങിപ്പോകും.

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

ഞാറൊന്നു കുത്തെടിയേ,
പെണ്ണേ ഞാറ്റ്വെല  പാടെടിയേ.
കണ്ണേറൂ പറ്റ്യാലോ നിന്റെ,
ദേഹം തളർന്നു പോകും.

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

എണ്ണക്കറൂപ്പാണേ  ഏനോ
എള്ളിൻ കറൂപ്പാണേ.
എങ്കിലും തമ്പ്രാനേ, ഏന്റെ,
കണ്‍കണ്ട  തയ് വമാണേ.

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .

മോഹത്തിൻ ഞാറു  നട്ടു  ഞാനും
കാത്തങ്ങിരിപ്പാണേ,
തങ്കം വിളയും പാടം  തമ്പ്രാൻ,
കൊയ്യുന്നതെന്നാണേ?  

തംതന  തംതാനോ  , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
ദൃഡതയോടെ  ചുവടുവെച്ചു
നടന്നു നീങ്ങിടാൻ,
ഹൃദയതാളമിന്നു നിങ്ങൾ
ഏകമാക്കുവിൻ.
നേടുവാനിന്നേക ലക്ഷ്യം
എന്റെ മണ്ണിലെ
വേർപ്പുവീണു പൂത്തുലഞ്ഞ
പാടം കൊയ്യുവാൻ.
പോരുവിൻ യുവാക്കളെ
പോരിനായി നാം,
കയ്യുയർത്തി മെയ്യൊരുക്കി
വേഗം നീങ്ങിടാം.
അടിമയല്ല നാമെല്ലാരു-
മുടമയാണിനി,
കൊയ്ത നെല്ലിൻ വിത്തു വീണ
മണ്ണു നേടിടാം.
നീതി നേടാൻ ശബ്ദമിന്നു
വീറിനാലെ നാം,
എകമാക്കി പാടുവാനായ്
ശക്തി നേടിടാം.
പാടുവിൻ സഖാക്കളേ
ശക്തരാണ്  നാം,
കാരിരുമ്പു വെന്തിടുന്ന
ചങ്കുറപ്പുമായ്.
ജ്വാലയായ് പടർന്നിടാൻ,
ആളിക്കത്തുവാൻ,
ചൂളയായ് തിളച്ചിടാൻ,
സംഘടിച്ചിടാം.
-1-
മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ, പച്ച വെറ്റിലയും കൊട്ടം പാക്കും
ഉണക്കപ്പൊയിലയും നനഞ്ഞ ചുണ്ണാമ്പും,
തമ്മിൽ ഇണങ്ങാനാകാതെ,
കിടന്നു മുറുമുറുക്കുന്നതിന്റെ ഒരു ഗന്ധം
എപ്പോഴും ഉണ്ടാകും.
ആ വെറ്റില ചെല്ലം എടുത്തു ഞാൻ
പൂഴി വാരിക്കളിക്കുമ്പോൾ
മുത്തശ്ശിയുടെ കോപത്തിനും
മുറുക്കിത്തുപ്പിയ കോളാമ്പിയ്ക്കും
ഒരേ വർണമായിരുന്നു.
-2-
മുത്തശ്ശന്റെ വെണ്‍ചുട്ടിത്തുവർത്തിന്റെ ഗന്ധം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ മുത്തശ്ശന്റെ മണം മാത്രമേയുള്ളൂ.
തെമ്മാടിത്തം കലർന്ന ഒരു തൻറെടിയുടെ,
അഹങ്കാരത്തിന്റെ, ശൌര്യത്തിന്റെ ഗന്ധം.
പട്ടച്ചാരായം തലയ്ക്കു പിടിച്ചു,
കോപത്തിൽ തിളച്ചു വറ്റി,
രോമകൂപങ്ങളിലൂടെ ആവിയായി
മാറുന്നതിന്റെ,  ലഹരിയുടെ ഗന്ധം.
പരൽമീനുകളെ പിടിക്കാൻ
ഞാനാത്തുവർത്തെടുത്താൽ,
മുത്തശ്ശനും ദേഷ്യപ്പെടുമായിരുന്നു.
-3-
പുതുമഴ പെയ്തപ്പോൾ,
കുഴിമാടത്തിൽ പൂത്ത ചെമ്പകം
വെള്ളയും ചുവപ്പും കലർന്നതായിരുന്നു,
താഴെ വീണ പൂക്കൾക്ക്, എന്തെന്നില്ലാത്ത
വാൽസല്യത്തിന്റെ സുഗന്ധവും.
അതിൽ ഒരെണ്ണം ഞാൻ എടുത്തു.
വെറുതേ എന്റെ മേശപ്പുറത്തു വെയ്ക്കാൻ.
-4-
എന്നിട്ടും,
ഇപ്പോൾ എനിക്കു പൂഴി വാരിക്കളിക്കുവാനും,
പരൽമീനുകളെ പിടിക്കുവാനും ആകുന്നേയില്ല ;
വഴക്കുകളൊന്നും ഇല്ലെങ്കിലും.
ആളുകൾ കൂടിയ, ആ സന്ധ്യയിൽ,
എന്നിലെ ബാല്യവും അവർക്കൊപ്പം
ചിതയിൽ ഉരുകിപ്പോയി.
Next page