Submit your work, meet writers and drop the ads. Become a member
എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഇന്നവൾ സ്വതന്ത്രയാണ്.
ഈ വലിയ ലോകത്തിന്റെ വിശാലതയിലേക്ക്
ഞാനവൾക്ക് വഴി തുറന്നു കൊടുത്തു.
എങ്കിലും, ഞാൻ പറഞ്ഞു കൊടുക്കുന്ന കഥകൾ
കേൾക്കുവാനായിരുന്നു അവൾക്കേറെയിഷ്ടം.
ഞാൻ വൈകി വരുന്ന ദിവസങ്ങളിൽ
അവൾ പരിഭവം കാണിക്കുമായിരുന്നു.
ഗോതമ്പുമണികളെ കൊത്തി മുറിച്ചും, മൗനം ഭജിച്ചും,
ദൂരെ സായന്തനത്തിന്റെ കണ്ണു നിറയുന്നതും നോക്കി
അവൾ വളരെ നേരം മിണ്ടാതെയിരിക്കുമായിരുന്നു.
അവളെ കാണാൻ വന്നിരുന്ന പക്ഷികളുടെ
സൊറപറച്ചിൽ എന്നെ ഏറെ അലോരസപ്പെടുത്തിയിരുന്നു.
മഴ പെയ്യുന്ന രാത്രികളിൽ, മഴത്തുള്ളികളുടേയും ചീവീടുകളുടെയും  
ശബ്ദം ഏകസ്വര രാഗമുതിർക്കുമ്പോൾ
അവൾ നിർവൃതി പുൽകുമായിരുന്നു.
കവിതകൾ അവൾക്കിഷ്ടമായിരുന്നു; എന്റെ കവിതകൾ!
എങ്കിലും, എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഒരു അപ്പൂപ്പൻ താടി പോലെ അവൾ പൊങ്ങിപ്പറന്നു പോയി.
ഇനി അവളുടെ ചിറകുകൾ ആദിയിലെ അനശ്വരത തേടി
പറന്നുയരുമായിരിക്കും .
അവളുടെ സ്വപ്‌നങ്ങൾ മഴവില്ലിനെ പുൽകുമായിരിക്കും.
ചിതറിക്കിടക്കുന്ന ഗോതമ്പുമണികളിൽ
ഉറുമ്പരിച്ചു നടക്കുന്നു.
തുറന്നു കിടക്കുന്ന കൂട്ടിൽ, ഒരു മഴത്തുള്ളിയുടെ മൃത ചേതനയുമേന്തി
ഒരു തൂവൽ നനഞ്ഞു കിടക്കുന്നു.
ഒരു തൂവലാണവളെനിക്കുതന്ന സമ്മാനം. ഓർമ്മക്കൂട്ട് !!
എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഇനിയവൾ വരില്ലെന്നറിഞ്ഞിട്ടും,
വരികയില്ലെന്നവൾ പറഞ്ഞിട്ടും.
മൊബൈൽ ഫോണ്‍ നിർത്താതെയൊരു
കുഞ്ഞിനെപ്പോലെ നിലവിളിച്ചപ്പോഴത്രേ,
ദൈവമതിനെയെടുത്തു പരതി നോക്കിയത്.
പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ,
പിന്നെയറുപത്തിയാറു മെസ്സേജുകൾ.
കുരിശിൽ തൂങ്ങിയ, വിറങ്ങലിച്ച നേരിന്റെ,
നേർക്കാഴ്ച്ചകളുടെ  വീഡിയോ ക്ലിപ്പുകൾ.
വഞ്ചന, ചതി, കൊല, രക്തം, പ്രതികാരം,
അന്ധകാരം, ബലാൽസംഗം, ഭ്രൂണഹത്യ !
എണ്ണിത്തീർക്കുവാനാകാത്ത നമ്പരുകൾ;
കണ്ണീരിൽത്തീർത്തയനേകം കോളുകൾ.
ആത്മാവിൽ കരിംകൊടിനാട്ടിയനേകർ.
ഇറ്റുവീണ രക്തം കുടിക്കുവാൻ  കൂട്ടമായ് വന്നു
ശവംതീനിയുറുമ്പുകൾ.
നിഴൽ നാടകം, അണിയറയിലെ രംഗങ്ങൾ
അരങ്ങത്ത്  തകർക്കുമ്പോൾ,
കാണികൾ പലരും ഉറങ്ങി വീഴുന്നു.
പ്രജ്ഞയിൽ ആത്മാർത്ഥതയുടെ വൃക്ഷത്തിനു
വെള്ളമൊഴിച്ചതു മറന്നിട്ട്,
തണൽ തിരഞ്ഞ് നടന്നകലുന്നവർ.
ഒരു പറ്റം ഈയാമ്പാറ്റകൾ ചിറകു വീശി.
പറന്നു വരുന്ന, പേരിടാൻ മറന്നൊരു ജീവി.
തന്റെ മനസ്സിൽ അസ്വാസ്ഥ്യം വേരു പടർത്തുന്ന
പകലിൽ, മൊബൈൽ ഫോണ്‍ ദൂരേയ്ക്ക് എറിഞ്ഞ്,
ദൈവമൊരു ദീർഘശ്വാസമുതിർത്തു.
എങ്കിലും, ദൂരെയൊരു കറുത്ത പൊട്ടുപോലെ,
വിദഗ്ദ്ധമായി കൈ എത്തിപ്പിടിച്ച പിശാചിന്റെ കുട്ടി
ആ മൊബൈൽ ഫോണ്‍ വില പേശി വിൽക്കുവാൻ,
ആരെയോ തേടുന്നത് ദൈവം നിറഞ്ഞ കണ്ണോടെ കണ്ടു.
ഒരു ദുർമ്മോഹത്തിന്റെ ശാപം
ഇപ്പോഴും കിനിയുന്ന നോവായി
ഭൂതത്തിനെ വരിഞ്ഞു മുറുക്കുന്നു.
ശ്വാസം വിടാനാകാതെ
കുടത്തിൽ കിടന്ന നാളുകൾ.
പുറം ലോകം കാണാൻ കൊതിച്ച നിമിഷങ്ങൾ.
കുടം തനിക്ക് എന്നേ അന്യമായി എന്ന്
ഭൂതം അറിഞ്ഞിരുന്നില്ല.
ഭൂതം ഇറങ്ങി പോയപ്പോൾ
കുടത്തിൽ ഒരു കരിന്തേൾ കയറി.
ലോകസ്ഥാപനത്തിനും മുൻപേ
മരണമില്ലാത്ത ദുർമന്ത്രവാദി
നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന
മന്ത്രശകലങ്ങൾ  കാണാതെ  പഠിച്ച്,
ആ കരിന്തേൾ കുടത്തിനെ മയക്കിയെടുത്തു.
ആരുമില്ലാതെ, ഉണങ്ങിയ മരച്ചില്ലയിൽ
കരഞ്ഞുകൊണ്ടിരുന്ന ഭൂതം
തന്റെ കുടം പൊയ്പോയതറിഞ്ഞില്ല.
വിഷമുള്ളിൽ കിനിഞ്ഞ വിധിയുടെ കണ്ണീർ
സിരകളിലൂടെ പടർന്നപ്പോൾ
ഭൂതമില്ലാത്ത കുടം പൊട്ടിച്ചിതറി.
ഭൂതമിപ്പോഴും കുടമില്ലാതെ അലഞ്ഞു നടക്കുന്നു.
കളിമണ്ണു തേടുന്ന കുശവനെപ്പോലെ.
ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ  ആഹ്ലാദത്തിൽ
കരിന്തേൾ അട്ടഹസിക്കുന്നു.
രണഭീതി നിശ്ചലം,വെള്ളരിപ്രാവു പറന്നിടുന്നു.
ആശതൻ ദീപമിന്നണയാതെരിയുന്നു.
എൻ നെഞ്ചിലെയനുഭവങ്ങൾ തൻ,
ചക്കിൽനിന്നൊഴുകിയ വറ്റാത്തയെണ്ണയിൻ,
നനവിൻ തുമ്പിലായ്‌ കാറ്റിൽ പൊലിയാതെ
ഏറെക്കുതിച്ചു നീയേറെത്തളർന്നു നീ.
ഏറെ ജ്വലിച്ചു നീയേറെ വളർന്നു നീ.
യുവത്വം നിൻ സിരകളിലശ്വമായ്  പായുന്നു.
ആയിരം തൂലികകളിതിഹാസമെഴുതുന്നു.
കണ്ണീരും രക്തവും ചാലിച്ച വർണ്ണങ്ങൾ,
കാലത്തിൻ കൈകൾക്കു മായ്ക്കുവാനാകില്ല.
സ്വാർത്ഥമോഹങ്ങൾ കോടാലി പണിയുന്നു,
ബന്ധങ്ങൾ തൻ കടയ്ക്കലാഞ്ഞു പതിയ്ക്കുവാൻ.
കണ്ണീരിന്നുപ്പുനീർ ജ്വാലയിൽ വീണാലും,
പൊട്ടിത്തകർന്നവ പരൽപ്പൊടിയായിടും.
കോർക്കുനിൻ കൈകൾ, തുറക്കുനിൻ കണ്‍കൾ,
അറിവു പകർന്നതാം കച്ച മുറുക്കുക.
കുതിച്ചൊഴുകിടാൻ നദിയായ് മാറുക.
സ്വാർത്ഥതയറിയാത്ത സാഗരമാകുക.
നാളെ നീ നെടുംതൂണ്‍  മാതൃക  നിശ്ചയം,
പാറിപ്പറക്കട്ടെയിടനെഞ്ചിൽ ത്രിവർണ്ണം.
എന്റെ നിശ്ശബ്ദതയാണെന്റെ കവിത,
എന്നിലെ മൗനതയാണെന്റെ കാവ്യം.
മനസ്സിൽ കുറിച്ചുവെച്ചതാണക്ഷരങ്ങൾ,
വീണ്ടും വായിക്കാൻ നന്നായി  ഉണക്കിയെടുത്ത
അക്ഷരമുത്തുകൾ.
ഒരു നൂറു നൂറർത്ഥങ്ങൾ പകരുന്ന  കവിത.
വായിക്കുന്തോറും വായിക്കാൻ തോന്നുന്ന കവിത.
എന്റെ മൗനമാണെന്റെ കവിത,
ഞാൻ കുറിച്ചുവെച്ച ഒരു നീണ്ടകാവ്യം.
നിഴലിനെ പേടിയായിരുന്നു എന്നുമെനിക്ക്.
ഞാൻ നടക്കുമ്പോഴും, കിടക്കുമ്പോഴും
എന്റെയരികിൽ വന്ന് രാക്ഷസ്സനെപ്പോലെ
ബീഭത്സരൂപം പ്രാപിച്ച്, എന്നെ ഭയപ്പെടുത്തും.
എന്റെയുടലിൽനിന്ന്  ചേതനയുടെ താളം
വറ്റിച്ച് അതിൽക്കിടന്നു മയങ്ങും.
എന്റെയമ്മയുടെയും അച്ഛന്റെയും
നിഴലുകളുടെയുള്ളിൽ എന്റെ നിഴൽ
പതിയിരുന്നു, അവരറിയാതെ.
എന്റെയമ്മയുടെ നിഴൽ നിന്നെ ഗർഭം ധരിച്ചു.
ഒരു പൊക്കിൾക്കൊടിയുടെയകലം
ഒരു ജന്മത്തിന്റെ അകലമാക്കി നീ മാറ്റി.
എനിക്ക് പേടിയായിരുന്നു നിഴലിനെ,
പ്രകാശമില്ലാത്ത രാത്രിയിൽ പക്ഷേ,
നീ എവിടെയൊളിക്കുന്നു ?
മഴ കൊഴിയുന്ന പകലുകളിൽ നീ
എന്തേ, മൗനിയാകുന്നു ?
എന്റെ മുഖത്തിന്റെ കാന്തി മോഷ്ടിക്കുവാൻ
എന്തേ നീ പതുങ്ങി നടന്നിട്ടും സാധ്യമാകാഞ്ഞത് ?
മുഖമില്ലാത്ത നിന്നെ എന്റെ ഹൃദയം അകറ്റുന്നു.
നിനക്ക് ആരുടെ മുഖം ? അറിയില്ല, നിനക്കും, എനിക്കും.
എന്റെ മറുരൂപമായ നിഴലിനെ
ഞാൻ സ്നേഹിക്കണമോ, അറിയില്ല.
പക്ഷേ, നിഴലെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
അതിലേറെ, ഞാൻ അഭിനയിക്കുന്ന  ഈ
നിഴൽ നാടകത്തിലെ എന്റെ കഥാപാത്രവും.
നാലു വീലിൽ ചിലർ വരുന്നു,
നാലു കാലിൽ ചിലർ വരുന്നു.
രണ്ടു കാലിൽ ചിലർ വരുന്നു,
രണ്ടു വീലിൽ ചിലർ വരുന്നു.
ജീവനോടെ വന്നവർ,
ജീവനേകി മറഞ്ഞു പോയ്‌.
ജീവനില്ലാതെത്തിയോർ,
ജീവനേറ്റു, പറഞ്ഞു പോയ്‌.
ചൂടു കൂടി വന്നവർ,
തണുത്തുറഞ്ഞു  മരച്ചു പോയ്‌.
തണുത്തു വിറച്ചു വന്നവർ,
ചൂടിനാലെ പുറത്തു പോയ്‌.
പലർ വന്നു , ചിലർ വന്നു .
കലണ്ടറുകൾ മാറി മാറി വന്നു.
ചുരുണ്ടു കൂടിയിപ്പോഴും കിടക്കുന്നു;
ഒരു പഴയ സ്റ്റെതസ്കോപ്പ്,
പട്ടയം കിട്ടുമോയെന്നുറ്റു നോക്കി.
സ്വന്തം ഹൃദയമിടിപ്പു നോക്കാൻ മറന്നുപോയി.
എനിക്കൊരു മരമായി ഇനി ജനിക്കണം.
ബന്ധങ്ങൾ ബന്ധനങ്ങളാകാതെ,
ഏകനായി ജീവിക്കണം.
കാറ്റടിക്കുമ്പോൾ വേരുകളമർത്തി ചവിട്ടി
വീഴാതെ നില്ക്കണം.
കൈകൾ വിരിച്ചുനെഞ്ചുവിരിച്ചു അങ്ങനെ നില്ക്കണം.
പിന്നെ, തോളോടു തോളുരുമ്മി ചേർന്നുപോകുന്ന
കമിതാക്കളെ നോക്കി പറയണം,
ബന്ധങ്ങൾ ബന്ധനങ്ങളായാൽ,
ബന്ധം പിരിയുമ്പോൾ നെഞ്ഞുള്ളം നൊന്തിടും.
സത്യമായും,
എനിക്കൊരു മരമായി ജനിക്കണം.
ആയിരം മുള്ളുകൾ നിറഞ്ഞയീക്കാട്ടുപാതയിൽ
നിങ്ങളെന്തിനെന്നെയേകയാക്കി?
വന്യമൃഗങ്ങളുടെ­ വിശപ്പിൻ  വിളികൾക്കു
മറുപടിയായി എന്തിനെന്റെ പേർ കുറിച്ച് നീട്ടി?
ഒരേയൊരപേക്ഷ, ഞാൻ ചോദിച്ചോട്ടെ,
സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ.
വിഷമേറ്റാർത്ത നാദത്തിൽ പാഞ്ഞിടും
കൂർത്തോരമ്പുകൾ തൻ ദാഹിച്ച നാവുകൾ,
എന്റെ ഞരമ്പിലെ വറ്റുന്ന ചോരയിൻ
ഉപ്പു രുചിക്കുവാൻ പാഞ്ഞടുത്തീടവേ,
നിന്ന നിൽപ്പിൽ തിരിഞ്ഞു ഞാൻ മെല്ലെയെൻ
നിഴലിനോട്‌ തന്നേ ചോദിച്ചു, ഞാൻ ജീവിച്ചോട്ടെ.
നഗ്നമാം കാട്ടിലെൻ തോലുരിഞ്ഞപോൽ
ഭൂമി വിഴുങ്ങിയ പൊള്ളുന്ന സത്യങ്ങൾ.
ഉള്ളിൽത്തിളച്ചു  തിമിർത്തൊരു ഗർഭമായ്,
എന്നെ വിഴുങ്ങുവാൻ പൊങ്ങുന്ന സത്വമായ്.
തീമഴപെയ്തുനിൻകണ്ണുകലങ്ങിയഗ്നിപ്പുഴ
യോഴുകുന്നതിനും മുൻപേ ഞാൻ ചോദിച്ചിടാം,
വീണ്ടുമപേക്ഷിക്കാം, ഞാനും ജീവിച്ചോട്ടെ.
പല്ലുകൾ മൂർച്ചയേറുന്നു, നഖങ്ങൾ കൂർത്തിടുന്നു.
കിനിഞ്ഞ രക്തപ്പുഴ തിരിച്ചൊഴുകിയെൻമജ്ജയിൽ
പ്രവാഹങ്ങൾ പ്രപഞ്ചസത്യമെഴുതിവയ്ക്കുന്നു.
യുഗങ്ങൾ ചെയ്ത തപസ്സിന്റെയന്ത്യം കാണാൻ,
കാത്തിരിക്കാതെ കാലം ഗുഹയിൽ സമാധിയായി.
മൂക സാക്ഷിയായി മൌനത്തെ സാധകം ചെയ്തു ഞാൻ,
പീയൂഷ വർഷത്തിലാദ്യ രോദനമായ്, കാലമായ്
ആരും കേൾക്കാത്തയത്രയുറക്കെയലറുന്നു.
സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ.
തമസ്സിന്റെ താളമായ് നിലാവിന്റെ നിശ്വാസമായ്‌,
ആയിരമാണ്ടുകൾ തേരേറിവന്നയേകസഖിത്വമായ്,
ഏറ്റുവാങ്ങും ഏങ്ങിക്കരഞ്ഞിടും  എന്റെയീനിഗൂഡജന്മം .
Next page