Submit your work, meet writers and drop the ads. Become a member
നാലു വീലിൽ ചിലർ വരുന്നു,
നാലു കാലിൽ ചിലർ വരുന്നു.
രണ്ടു കാലിൽ ചിലർ വരുന്നു,
രണ്ടു വീലിൽ ചിലർ വരുന്നു.
ജീവനോടെ വന്നവർ,
ജീവനേകി മറഞ്ഞു പോയ്‌.
ജീവനില്ലാതെത്തിയോർ,
ജീവനേറ്റു, പറഞ്ഞു പോയ്‌.
ചൂടു കൂടി വന്നവർ,
തണുത്തുറഞ്ഞു  മരച്ചു പോയ്‌.
തണുത്തു വിറച്ചു വന്നവർ,
ചൂടിനാലെ പുറത്തു പോയ്‌.
പലർ വന്നു , ചിലർ വന്നു .
കലണ്ടറുകൾ മാറി മാറി വന്നു.
ചുരുണ്ടു കൂടിയിപ്പോഴും കിടക്കുന്നു;
ഒരു പഴയ സ്റ്റെതസ്കോപ്പ്,
പട്ടയം കിട്ടുമോയെന്നുറ്റു നോക്കി.
സ്വന്തം ഹൃദയമിടിപ്പു നോക്കാൻ മറന്നുപോയി.

— The End —