Submit your work, meet writers and drop the ads. Become a member
ദൃഡതയോടെ  ചുവടുവെച്ചു
നടന്നു നീങ്ങിടാൻ,
ഹൃദയതാളമിന്നു നിങ്ങൾ
ഏകമാക്കുവിൻ.
നേടുവാനിന്നേക ലക്ഷ്യം
എന്റെ മണ്ണിലെ
വേർപ്പുവീണു പൂത്തുലഞ്ഞ
പാടം കൊയ്യുവാൻ.
പോരുവിൻ യുവാക്കളെ
പോരിനായി നാം,
കയ്യുയർത്തി മെയ്യൊരുക്കി
വേഗം നീങ്ങിടാം.
അടിമയല്ല നാമെല്ലാരു-
മുടമയാണിനി,
കൊയ്ത നെല്ലിൻ വിത്തു വീണ
മണ്ണു നേടിടാം.
നീതി നേടാൻ ശബ്ദമിന്നു
വീറിനാലെ നാം,
എകമാക്കി പാടുവാനായ്
ശക്തി നേടിടാം.
പാടുവിൻ സഖാക്കളേ
ശക്തരാണ്  നാം,
കാരിരുമ്പു വെന്തിടുന്ന
ചങ്കുറപ്പുമായ്.
ജ്വാലയായ് പടർന്നിടാൻ,
ആളിക്കത്തുവാൻ,
ചൂളയായ് തിളച്ചിടാൻ,
സംഘടിച്ചിടാം.
-1-
മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ, പച്ച വെറ്റിലയും കൊട്ടം പാക്കും
ഉണക്കപ്പൊയിലയും നനഞ്ഞ ചുണ്ണാമ്പും,
തമ്മിൽ ഇണങ്ങാനാകാതെ,
കിടന്നു മുറുമുറുക്കുന്നതിന്റെ ഒരു ഗന്ധം
എപ്പോഴും ഉണ്ടാകും.
ആ വെറ്റില ചെല്ലം എടുത്തു ഞാൻ
പൂഴി വാരിക്കളിക്കുമ്പോൾ
മുത്തശ്ശിയുടെ കോപത്തിനും
മുറുക്കിത്തുപ്പിയ കോളാമ്പിയ്ക്കും
ഒരേ വർണമായിരുന്നു.
-2-
മുത്തശ്ശന്റെ വെണ്‍ചുട്ടിത്തുവർത്തിന്റെ ഗന്ധം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ മുത്തശ്ശന്റെ മണം മാത്രമേയുള്ളൂ.
തെമ്മാടിത്തം കലർന്ന ഒരു തൻറെടിയുടെ,
അഹങ്കാരത്തിന്റെ, ശൌര്യത്തിന്റെ ഗന്ധം.
പട്ടച്ചാരായം തലയ്ക്കു പിടിച്ചു,
കോപത്തിൽ തിളച്ചു വറ്റി,
രോമകൂപങ്ങളിലൂടെ ആവിയായി
മാറുന്നതിന്റെ,  ലഹരിയുടെ ഗന്ധം.
പരൽമീനുകളെ പിടിക്കാൻ
ഞാനാത്തുവർത്തെടുത്താൽ,
മുത്തശ്ശനും ദേഷ്യപ്പെടുമായിരുന്നു.
-3-
പുതുമഴ പെയ്തപ്പോൾ,
കുഴിമാടത്തിൽ പൂത്ത ചെമ്പകം
വെള്ളയും ചുവപ്പും കലർന്നതായിരുന്നു,
താഴെ വീണ പൂക്കൾക്ക്, എന്തെന്നില്ലാത്ത
വാൽസല്യത്തിന്റെ സുഗന്ധവും.
അതിൽ ഒരെണ്ണം ഞാൻ എടുത്തു.
വെറുതേ എന്റെ മേശപ്പുറത്തു വെയ്ക്കാൻ.
-4-
എന്നിട്ടും,
ഇപ്പോൾ എനിക്കു പൂഴി വാരിക്കളിക്കുവാനും,
പരൽമീനുകളെ പിടിക്കുവാനും ആകുന്നേയില്ല ;
വഴക്കുകളൊന്നും ഇല്ലെങ്കിലും.
ആളുകൾ കൂടിയ, ആ സന്ധ്യയിൽ,
എന്നിലെ ബാല്യവും അവർക്കൊപ്പം
ചിതയിൽ ഉരുകിപ്പോയി.
ആരും കാണാതെ നിനക്കായോളിപ്പിച്ച മയിൽപ്പീലി
നീയറിയാതെ നിന്റെ പുസ്തകത്തിൽ നിന്നെടുത്തതായിരുന്നു.
അതിലെ നീലിമയിൽ ഞാൻ എന്നും കണ്ടത്
നിന്റെ കുസൃതിക്കണ്ണിലെ സ്വപ്നങ്ങളായിരുന്നു.
നാമോരോരുത്തരും മയിൽപ്പീലിക്കണ്ണിലെ
നാനാ വർണ്ണങ്ങളാണെന്ന് എനിക്കെന്നും തോന്നി.
എപ്പോഴും പരസ്പരം അടുത്തടുത്താണെങ്കിലും
ഒരു മുടിയിഴയുടെയകലം എപ്പോഴും പാലിക്കേണ്ടവർ,                  
സ്വപ്നങ്ങൾ നെയ്തു കൂട്ടിയാലും, എത്ര മോഹിച്ചാലും,
തമ്മിൽ ആ സ്വപ്നം പങ്കുവയ്ക്കുവാനാകാതെ വേദനിക്കുന്നവർ.
അതെ, ആ മയിൽപ്പീലി ഒരു ദുഃഖസൂചകമാണ് ;
നിസ്സംശയം, അതിലെ വർണ്ണങ്ങൾ നാം തന്നെയാണ്.
അതിനുമരണമില്ലയിനി, കിനിഞ്ഞിറങ്ങിയ നോവുകൾ,
ശല്ക്കങ്ങളായി അതിൽ പറ്റിപ്പിടിച്ച് വേട്ടയാടുകയാണ്.
നിന്റെ പുസ്തകത്തിൽനിന്നു ഞാൻ എടുത്തെങ്കിലും,
എന്റെ താളുകളിൽ ശ്വാസം മുട്ടിയതുനെടുവീർപ്പിടുന്നു.
ഒട്ടിയിരുന്ന താളുകളെ തമ്മിലകറ്റിയ മയിൽപ്പീലി
ഞാനാണെന്ന് പറഞ്ഞപ്പോൾ നമ്മളെന്നു നീ പറഞ്ഞു.
വർഷങ്ങൾ പലതു കൊഴിഞ്ഞു, മയിൽപ്പീലിയിലെ
നിറങ്ങൾ വാടിയില്ല, അതിനു തിളക്കമേറിയതേയുള്ളൂ.
പുസ്തകത്താളിൽ ഭദ്രമായി അടച്ചതുകൊണ്ടാണോ
എനിക്ക്, അതിനെ നിനക്ക് തരുവാനാകാതെ  പോയത് ;
അതോ, ആ മയിൽപ്പീലി എനിക്കത്രയിഷ്ടമായതുകൊണ്ടാണോ ?
നീ , പ്രിയപ്പെട്ട മയിൽപ്പീലി നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും എന്തേ,
ഇത്രയും നാളുമതു തിരികെ ചോദിച്ചില്ല, അറിയില്ലെനിക്ക്.
ഇനിയും ചോദിച്ചാലും എനിക്കതുതിരികെത്തരാനാവില്ല.
കാരണം, ആ നിറമെല്ലാം എന്റെ അടച്ചുവെച്ച പഴയ
പുസ്തകത്താളുകളിൽ ആത്മാവായ് അലിഞ്ഞുചേർന്നു.
നിറമില്ലാത്ത, ദ്രവിച്ചയൊരു മയിൽപ്പീലി, ഇനിയും നിനക്ക്
തിരിച്ചുതരാൻ എനിക്കൊരിക്കലും കഴിയില്ല. കാരണം,
അപ്പോൾ, അന്നാൾ എന്റെ പുസ്തകത്താളുകൾ മരിച്ചുപോകും.
അതിലെ മോഹഗന്ധവും ചിറകുകൾ വീശിപ്പറന്നുപോകും ദൂരെ.
ആരും കൈകൊട്ടാതെ പറന്നു വരുന്ന ബലിക്കാക്ക കാണാതെ
ഞാൻ തിരിഞ്ഞുനടക്കും, കാൽച്ചുവടുകൾ എണ്ണിനോക്കാതെ.
ഇറുകിക്കിടക്കുന്ന മാർക്കച്ചയിൻചൂടി-
ലവനുറങ്ങിപ്പൂംചിരി മയങ്ങി.
അന്തി മയങ്ങുവാൻ ഉണ്ടൊട്ടു നേരം
പൊരിവെയിലിഞ്ചൂടിൽ വീണുറങ്ങി

ഒന്നാം പിറന്നാളിന്നല്ലയോ കുഞ്ഞേ
നിന്നെയൊന്നൂട്ടുവാനായി മാത്രം
കർണകഠോരമാം  ശബ്ദത്തിൽ ചീറുന്ന
ശകടങ്ങളൊക്കെയും താണ്ടിയമ്മ.

കൈനീട്ടി  കെഞ്ചുന്നതാരുമേ നോക്കീല-
യാരുമറിഞ്ഞില്ല നിൻ  പിറന്നാൾ.
പുത്തനുടുപ്പുമോ കൊഞ്ചുന്ന പാവയോ
നൽകുവാൻ  വന്നില്ല  തെല്ലാരുമേ.

പോയവർഷത്തി ലിന്നീ ദിനം തന്നെ
വേദനയോടവൾ പാത വക്കിൽ,
നൊന്തു പ്രസവിച്ച പൊൻ മകനാണു നീ
കാകനും തൻ കുഞ്ഞു പൊന്നല്ലയോ  !

ചില്ലിട്ട വാഹനമോരം  നടന്നവൾ
മെല്ലെ മൊഴിഞ്ഞു തൻ കൈകൾകൂപ്പി
രണ്ടു നാളായി പോൽ എൻ കുഞ്ഞറിഞ്ഞീല-
യൊരു പറ്റു വറ്റിന്റെ പശിമ തെല്ലും!

പശിയാലുറങ്ങുന്നതിന്നിന്റെ ബാല്യം
അയ്യോയെൻ പൊന്നേ വീഴാതെ കണ്ണേ,
അമ്മ തൻ ഗന്ധമാം വേർപ്പിന്റെയൊട്ടലിൽ
കപി തന്റെ മാറിൽ കുരുന്നുപോലെ.

അച്ഛനാരെന്നവൻ തെല്ലുമറിഞ്ഞീലാ-
മണ്കൂനയമ്മതൻ അശ്രു പുൽകി.
നാളെയെനിക്കൊരുതാങ്ങായിവൻവേണ-
മെന്നാഗ്രഹിച്ചവളേകിയുമ്മ ;

കാർ മുകിൽ ചായും  കവിളത്തു മെല്ലെയാ-
വിണ്ടു കീറുംചുണ്ടമർത്തി  മെല്ലെ.
ആട്ടുന്നു പിന്നെ ശകാരം ചൊരിഞ്ഞും
ഏകിച്ചിലർ  ചെറുനാണയങ്ങൾ.

പൊന്നുണ്ണിയേ  നീ പിറന്നൊരുനാളി-
ന്നോർമയീയമ്മയ്ക്കൊരുൽസവമാം
എന്നു നിരൂപിച്ചു കൈക്കുഞ്ഞിനെച്ചേർത്തു
വെക്കം കുടിൽപൂകാൻവെമ്പിയവൾ.

ലോകൈക നാഥൻറെയോരോവിചാരവും
മുൻകൂട്ടിയാകുമോ നാമറിവാൻ;
അയ്യോയെൻ മോനേയെന്നാർത്തനാദത്തിനാൽ
രുധിര രേണുക്കൾപൂംകുലകളായി .

ചക്രം പതിഞ്ഞ ശിരസ്സിന്നു താഴെയായ്
രക്തത്തിൻ ചൂടേറ്റവൻ  ഉണർന്നു
ഒന്നാം പിറന്നാളിൽ കണ്തുറന്നുണ്ണി
കണ്ടു പൊന്നമ്മയിൻ  അടഞ്ഞകണ്ണ്  .

ഒന്നുമറിയാതെയേങ്ങിക്കരഞ്ഞവൻ
ജന്മനാൾസമ്മാനമേറ്റുവാങ്ങി
പിന്നെയും ചക്രങ്ങൾമുൻപോട്ടുരുളവേ
കാലചക്രം തൻ സ്മരണ നൽകി.

— The End —