-1-
മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ, പച്ച വെറ്റിലയും കൊട്ടം പാക്കും
ഉണക്കപ്പൊയിലയും നനഞ്ഞ ചുണ്ണാമ്പും,
തമ്മിൽ ഇണങ്ങാനാകാതെ,
കിടന്നു മുറുമുറുക്കുന്നതിന്റെ ഒരു ഗന്ധം
എപ്പോഴും ഉണ്ടാകും.
ആ വെറ്റില ചെല്ലം എടുത്തു ഞാൻ
പൂഴി വാരിക്കളിക്കുമ്പോൾ
മുത്തശ്ശിയുടെ കോപത്തിനും
മുറുക്കിത്തുപ്പിയ കോളാമ്പിയ്ക്കും
ഒരേ വർണമായിരുന്നു.
-2-
മുത്തശ്ശന്റെ വെണ്‍ചുട്ടിത്തുവർത്തിന്റെ ഗന്ധം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ മുത്തശ്ശന്റെ മണം മാത്രമേയുള്ളൂ.
തെമ്മാടിത്തം കലർന്ന ഒരു തൻറെടിയുടെ,
അഹങ്കാരത്തിന്റെ, ശൌര്യത്തിന്റെ ഗന്ധം.
പട്ടച്ചാരായം തലയ്ക്കു പിടിച്ചു,
കോപത്തിൽ തിളച്ചു വറ്റി,
രോമകൂപങ്ങളിലൂടെ ആവിയായി
മാറുന്നതിന്റെ, ലഹരിയുടെ ഗന്ധം.
പരൽമീനുകളെ പിടിക്കാൻ
ഞാനാത്തുവർത്തെടുത്താൽ,
മുത്തശ്ശനും ദേഷ്യപ്പെടുമായിരുന്നു.
-3-
പുതുമഴ പെയ്തപ്പോൾ,
കുഴിമാടത്തിൽ പൂത്ത ചെമ്പകം
വെള്ളയും ചുവപ്പും കലർന്നതായിരുന്നു,
താഴെ വീണ പൂക്കൾക്ക്, എന്തെന്നില്ലാത്ത
വാൽസല്യത്തിന്റെ സുഗന്ധവും.
അതിൽ ഒരെണ്ണം ഞാൻ എടുത്തു.
വെറുതേ എന്റെ മേശപ്പുറത്തു വെയ്ക്കാൻ.
-4-
എന്നിട്ടും,
ഇപ്പോൾ എനിക്കു പൂഴി വാരിക്കളിക്കുവാനും,
പരൽമീനുകളെ പിടിക്കുവാനും ആകുന്നേയില്ല ;
വഴക്കുകളൊന്നും ഇല്ലെങ്കിലും.
ആളുകൾ കൂടിയ, ആ സന്ധ്യയിൽ,
എന്നിലെ ബാല്യവും അവർക്കൊപ്പം
ചിതയിൽ ഉരുകിപ്പോയി.