എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഇന്നവൾ സ്വതന്ത്രയാണ്.
ഈ വലിയ ലോകത്തിന്റെ വിശാലതയിലേക്ക്
ഞാനവൾക്ക് വഴി തുറന്നു കൊടുത്തു.
എങ്കിലും, ഞാൻ പറഞ്ഞു കൊടുക്കുന്ന കഥകൾ
കേൾക്കുവാനായിരുന്നു അവൾക്കേറെയിഷ്ടം.
ഞാൻ വൈകി വരുന്ന ദിവസങ്ങളിൽ
അവൾ പരിഭവം കാണിക്കുമായിരുന്നു.
ഗോതമ്പുമണികളെ കൊത്തി മുറിച്ചും, മൗനം ഭജിച്ചും,
ദൂരെ സായന്തനത്തിന്റെ കണ്ണു നിറയുന്നതും നോക്കി
അവൾ വളരെ നേരം മിണ്ടാതെയിരിക്കുമായിരുന്നു.
അവളെ കാണാൻ വന്നിരുന്ന പക്ഷികളുടെ
സൊറപറച്ചിൽ എന്നെ ഏറെ അലോരസപ്പെടുത്തിയിരുന്നു.
മഴ പെയ്യുന്ന രാത്രികളിൽ, മഴത്തുള്ളികളുടേയും ചീവീടുകളുടെയും
ശബ്ദം ഏകസ്വര രാഗമുതിർക്കുമ്പോൾ
അവൾ നിർവൃതി പുൽകുമായിരുന്നു.
കവിതകൾ അവൾക്കിഷ്ടമായിരുന്നു; എന്റെ കവിതകൾ!
എങ്കിലും, എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഒരു അപ്പൂപ്പൻ താടി പോലെ അവൾ പൊങ്ങിപ്പറന്നു പോയി.
ഇനി അവളുടെ ചിറകുകൾ ആദിയിലെ അനശ്വരത തേടി
പറന്നുയരുമായിരിക്കും .
അവളുടെ സ്വപ്നങ്ങൾ മഴവില്ലിനെ പുൽകുമായിരിക്കും.
ചിതറിക്കിടക്കുന്ന ഗോതമ്പുമണികളിൽ
ഉറുമ്പരിച്ചു നടക്കുന്നു.
തുറന്നു കിടക്കുന്ന കൂട്ടിൽ, ഒരു മഴത്തുള്ളിയുടെ മൃത ചേതനയുമേന്തി
ഒരു തൂവൽ നനഞ്ഞു കിടക്കുന്നു.
ഒരു തൂവലാണവളെനിക്കുതന്ന സമ്മാനം. ഓർമ്മക്കൂട്ട് !!
എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഇനിയവൾ വരില്ലെന്നറിഞ്ഞിട്ടും,
വരികയില്ലെന്നവൾ പറഞ്ഞിട്ടും.