നിഴലിനെ പേടിയായിരുന്നു എന്നുമെനിക്ക്.
ഞാൻ നടക്കുമ്പോഴും, കിടക്കുമ്പോഴും
എന്റെയരികിൽ വന്ന് രാക്ഷസ്സനെപ്പോലെ
ബീഭത്സരൂപം പ്രാപിച്ച്, എന്നെ ഭയപ്പെടുത്തും.
എന്റെയുടലിൽനിന്ന് ചേതനയുടെ താളം
വറ്റിച്ച് അതിൽക്കിടന്നു മയങ്ങും.
എന്റെയമ്മയുടെയും അച്ഛന്റെയും
നിഴലുകളുടെയുള്ളിൽ എന്റെ നിഴൽ
പതിയിരുന്നു, അവരറിയാതെ.
എന്റെയമ്മയുടെ നിഴൽ നിന്നെ ഗർഭം ധരിച്ചു.
ഒരു പൊക്കിൾക്കൊടിയുടെയകലം
ഒരു ജന്മത്തിന്റെ അകലമാക്കി നീ മാറ്റി.
എനിക്ക് പേടിയായിരുന്നു നിഴലിനെ,
പ്രകാശമില്ലാത്ത രാത്രിയിൽ പക്ഷേ,
നീ എവിടെയൊളിക്കുന്നു ?
മഴ കൊഴിയുന്ന പകലുകളിൽ നീ
എന്തേ, മൗനിയാകുന്നു ?
എന്റെ മുഖത്തിന്റെ കാന്തി മോഷ്ടിക്കുവാൻ
എന്തേ നീ പതുങ്ങി നടന്നിട്ടും സാധ്യമാകാഞ്ഞത് ?
മുഖമില്ലാത്ത നിന്നെ എന്റെ ഹൃദയം അകറ്റുന്നു.
നിനക്ക് ആരുടെ മുഖം ? അറിയില്ല, നിനക്കും, എനിക്കും.
എന്റെ മറുരൂപമായ നിഴലിനെ
ഞാൻ സ്നേഹിക്കണമോ, അറിയില്ല.
പക്ഷേ, നിഴലെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
അതിലേറെ, ഞാൻ അഭിനയിക്കുന്ന ഈ
നിഴൽ നാടകത്തിലെ എന്റെ കഥാപാത്രവും.