ഇറുകിക്കിടക്കുന്ന മാർക്കച്ചയിൻചൂടി-
ലവനുറങ്ങിപ്പൂംചിരി മയങ്ങി.
അന്തി മയങ്ങുവാൻ ഉണ്ടൊട്ടു നേരം
പൊരിവെയിലിഞ്ചൂടിൽ വീണുറങ്ങി
ഒന്നാം പിറന്നാളിന്നല്ലയോ കുഞ്ഞേ
നിന്നെയൊന്നൂട്ടുവാനായി മാത്രം
കർണകഠോരമാം ശബ്ദത്തിൽ ചീറുന്ന
ശകടങ്ങളൊക്കെയും താണ്ടിയമ്മ.
കൈനീട്ടി കെഞ്ചുന്നതാരുമേ നോക്കീല-
യാരുമറിഞ്ഞില്ല നിൻ പിറന്നാൾ.
പുത്തനുടുപ്പുമോ കൊഞ്ചുന്ന പാവയോ
നൽകുവാൻ വന്നില്ല തെല്ലാരുമേ.
പോയവർഷത്തി ലിന്നീ ദിനം തന്നെ
വേദനയോടവൾ പാത വക്കിൽ,
നൊന്തു പ്രസവിച്ച പൊൻ മകനാണു നീ
കാകനും തൻ കുഞ്ഞു പൊന്നല്ലയോ !
ചില്ലിട്ട വാഹനമോരം നടന്നവൾ
മെല്ലെ മൊഴിഞ്ഞു തൻ കൈകൾകൂപ്പി
രണ്ടു നാളായി പോൽ എൻ കുഞ്ഞറിഞ്ഞീല-
യൊരു പറ്റു വറ്റിന്റെ പശിമ തെല്ലും!
പശിയാലുറങ്ങുന്നതിന്നിന്റെ ബാല്യം
അയ്യോയെൻ പൊന്നേ വീഴാതെ കണ്ണേ,
അമ്മ തൻ ഗന്ധമാം വേർപ്പിന്റെയൊട്ടലിൽ
കപി തന്റെ മാറിൽ കുരുന്നുപോലെ.
അച്ഛനാരെന്നവൻ തെല്ലുമറിഞ്ഞീലാ-
മണ്കൂനയമ്മതൻ അശ്രു പുൽകി.
നാളെയെനിക്കൊരുതാങ്ങായിവൻവേണ-
മെന്നാഗ്രഹിച്ചവളേകിയുമ്മ ;
കാർ മുകിൽ ചായും കവിളത്തു മെല്ലെയാ-
വിണ്ടു കീറുംചുണ്ടമർത്തി മെല്ലെ.
ആട്ടുന്നു പിന്നെ ശകാരം ചൊരിഞ്ഞും
ഏകിച്ചിലർ ചെറുനാണയങ്ങൾ.
പൊന്നുണ്ണിയേ നീ പിറന്നൊരുനാളി-
ന്നോർമയീയമ്മയ്ക്കൊരുൽസവമാം
എന്നു നിരൂപിച്ചു കൈക്കുഞ്ഞിനെച്ചേർത്തു
വെക്കം കുടിൽപൂകാൻവെമ്പിയവൾ.
ലോകൈക നാഥൻറെയോരോവിചാരവും
മുൻകൂട്ടിയാകുമോ നാമറിവാൻ;
അയ്യോയെൻ മോനേയെന്നാർത്തനാദത്തിനാൽ
രുധിര രേണുക്കൾപൂംകുലകളായി .
ചക്രം പതിഞ്ഞ ശിരസ്സിന്നു താഴെയായ്
രക്തത്തിൻ ചൂടേറ്റവൻ ഉണർന്നു
ഒന്നാം പിറന്നാളിൽ കണ്തുറന്നുണ്ണി
കണ്ടു പൊന്നമ്മയിൻ അടഞ്ഞകണ്ണ് .
ഒന്നുമറിയാതെയേങ്ങിക്കരഞ്ഞവൻ
ജന്മനാൾസമ്മാനമേറ്റുവാങ്ങി
പിന്നെയും ചക്രങ്ങൾമുൻപോട്ടുരുളവേ
കാലചക്രം തൻ സ്മരണ നൽകി.