രണഭീതി നിശ്ചലം,വെള്ളരിപ്രാവു പറന്നിടുന്നു.
ആശതൻ ദീപമിന്നണയാതെരിയുന്നു.
എൻ നെഞ്ചിലെയനുഭവങ്ങൾ തൻ,
ചക്കിൽനിന്നൊഴുകിയ വറ്റാത്തയെണ്ണയിൻ,
നനവിൻ തുമ്പിലായ് കാറ്റിൽ പൊലിയാതെ
ഏറെക്കുതിച്ചു നീയേറെത്തളർന്നു നീ.
ഏറെ ജ്വലിച്ചു നീയേറെ വളർന്നു നീ.
യുവത്വം നിൻ സിരകളിലശ്വമായ് പായുന്നു.
ആയിരം തൂലികകളിതിഹാസമെഴുതുന്നു.
കണ്ണീരും രക്തവും ചാലിച്ച വർണ്ണങ്ങൾ,
കാലത്തിൻ കൈകൾക്കു മായ്ക്കുവാനാകില്ല.
സ്വാർത്ഥമോഹങ്ങൾ കോടാലി പണിയുന്നു,
ബന്ധങ്ങൾ തൻ കടയ്ക്കലാഞ്ഞു പതിയ്ക്കുവാൻ.
കണ്ണീരിന്നുപ്പുനീർ ജ്വാലയിൽ വീണാലും,
പൊട്ടിത്തകർന്നവ പരൽപ്പൊടിയായിടും.
കോർക്കുനിൻ കൈകൾ, തുറക്കുനിൻ കണ്കൾ,
അറിവു പകർന്നതാം കച്ച മുറുക്കുക.
കുതിച്ചൊഴുകിടാൻ നദിയായ് മാറുക.
സ്വാർത്ഥതയറിയാത്ത സാഗരമാകുക.
നാളെ നീ നെടുംതൂണ് മാതൃക നിശ്ചയം,
പാറിപ്പറക്കട്ടെയിടനെഞ്ചിൽ ത്രിവർണ്ണം.