മൊബൈൽ ഫോണ്‍ നിർത്താതെയൊരു കുഞ്ഞിനെപ്പോലെ നിലവിളിച്ചപ്പോഴത്രേ, ദൈവമതിനെയെടുത്തു പരതി നോക്കിയത്. പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ, പിന്നെയറുപത്തിയാറു മെസ്സേജുകൾ. കുരിശിൽ തൂങ്ങിയ, വിറങ്ങലിച്ച നേരിന്റെ, നേർക്കാഴ്ച്ചകളുടെ വീഡിയോ ക്ലിപ്പുകൾ. വഞ്ചന, ചതി, കൊല, രക്തം, പ്രതികാരം, അന്ധകാരം, ബലാൽസംഗം, ഭ്രൂണഹത്യ ! എണ്ണിത്തീർക്കുവാനാകാത്ത നമ്പരുകൾ; കണ്ണീരിൽത്തീർത്തയനേകം കോളുകൾ. ആത്മാവിൽ കരിംകൊടിനാട്ടിയനേകർ. ഇറ്റുവീണ രക്തം കുടിക്കുവാൻ കൂട്ടമായ് വന്നു ശവംതീനിയുറുമ്പുകൾ. നിഴൽ നാടകം, അണിയറയിലെ രംഗങ്ങൾ അരങ്ങത്ത് തകർക്കുമ്പോൾ, കാണികൾ പലരും ഉറങ്ങി വീഴുന്നു. പ്രജ്ഞയിൽ ആത്മാർത്ഥതയുടെ വൃക്ഷത്തിനു വെള്ളമൊഴിച്ചതു മറന്നിട്ട്, തണൽ തിരഞ്ഞ് നടന്നകലുന്നവർ. ഒരു പറ്റം ഈയാമ്പാറ്റകൾ ചിറകു വീശി. പറന്നു വരുന്ന, പേരിടാൻ മറന്നൊരു ജീവി. തന്റെ മനസ്സിൽ അസ്വാസ്ഥ്യം വേരു പടർത്തുന്ന പകലിൽ, മൊബൈൽ ഫോണ്‍ ദൂരേയ്ക്ക് എറിഞ്ഞ്, ദൈവമൊരു ദീർഘശ്വാസമുതിർത്തു. എങ്കിലും, ദൂരെയൊരു കറുത്ത പൊട്ടുപോലെ, വിദഗ്ദ്ധമായി കൈ എത്തിപ്പിടിച്ച പിശാചിന്റെ കുട്ടി ആ മൊബൈൽ ഫോണ്‍ വില പേശി വിൽക്കുവാൻ, ആരെയോ തേടുന്നത് ദൈവം നിറഞ്ഞ കണ്ണോടെ കണ്ടു.