Submit your work, meet writers and drop the ads. Become a member
രണഭീതി നിശ്ചലം,വെള്ളരിപ്രാവു പറന്നിടുന്നു.
ആശതൻ ദീപമിന്നണയാതെരിയുന്നു.
എൻ നെഞ്ചിലെയനുഭവങ്ങൾ തൻ,
ചക്കിൽനിന്നൊഴുകിയ വറ്റാത്തയെണ്ണയിൻ,
നനവിൻ തുമ്പിലായ്‌ കാറ്റിൽ പൊലിയാതെ
ഏറെക്കുതിച്ചു നീയേറെത്തളർന്നു നീ.
ഏറെ ജ്വലിച്ചു നീയേറെ വളർന്നു നീ.
യുവത്വം നിൻ സിരകളിലശ്വമായ്  പായുന്നു.
ആയിരം തൂലികകളിതിഹാസമെഴുതുന്നു.
കണ്ണീരും രക്തവും ചാലിച്ച വർണ്ണങ്ങൾ,
കാലത്തിൻ കൈകൾക്കു മായ്ക്കുവാനാകില്ല.
സ്വാർത്ഥമോഹങ്ങൾ കോടാലി പണിയുന്നു,
ബന്ധങ്ങൾ തൻ കടയ്ക്കലാഞ്ഞു പതിയ്ക്കുവാൻ.
കണ്ണീരിന്നുപ്പുനീർ ജ്വാലയിൽ വീണാലും,
പൊട്ടിത്തകർന്നവ പരൽപ്പൊടിയായിടും.
കോർക്കുനിൻ കൈകൾ, തുറക്കുനിൻ കണ്‍കൾ,
അറിവു പകർന്നതാം കച്ച മുറുക്കുക.
കുതിച്ചൊഴുകിടാൻ നദിയായ് മാറുക.
സ്വാർത്ഥതയറിയാത്ത സാഗരമാകുക.
നാളെ നീ നെടുംതൂണ്‍  മാതൃക  നിശ്ചയം,
പാറിപ്പറക്കട്ടെയിടനെഞ്ചിൽ ത്രിവർണ്ണം.
നിഴലിനെ പേടിയായിരുന്നു എന്നുമെനിക്ക്.
ഞാൻ നടക്കുമ്പോഴും, കിടക്കുമ്പോഴും
എന്റെയരികിൽ വന്ന് രാക്ഷസ്സനെപ്പോലെ
ബീഭത്സരൂപം പ്രാപിച്ച്, എന്നെ ഭയപ്പെടുത്തും.
എന്റെയുടലിൽനിന്ന്  ചേതനയുടെ താളം
വറ്റിച്ച് അതിൽക്കിടന്നു മയങ്ങും.
എന്റെയമ്മയുടെയും അച്ഛന്റെയും
നിഴലുകളുടെയുള്ളിൽ എന്റെ നിഴൽ
പതിയിരുന്നു, അവരറിയാതെ.
എന്റെയമ്മയുടെ നിഴൽ നിന്നെ ഗർഭം ധരിച്ചു.
ഒരു പൊക്കിൾക്കൊടിയുടെയകലം
ഒരു ജന്മത്തിന്റെ അകലമാക്കി നീ മാറ്റി.
എനിക്ക് പേടിയായിരുന്നു നിഴലിനെ,
പ്രകാശമില്ലാത്ത രാത്രിയിൽ പക്ഷേ,
നീ എവിടെയൊളിക്കുന്നു ?
മഴ കൊഴിയുന്ന പകലുകളിൽ നീ
എന്തേ, മൗനിയാകുന്നു ?
എന്റെ മുഖത്തിന്റെ കാന്തി മോഷ്ടിക്കുവാൻ
എന്തേ നീ പതുങ്ങി നടന്നിട്ടും സാധ്യമാകാഞ്ഞത് ?
മുഖമില്ലാത്ത നിന്നെ എന്റെ ഹൃദയം അകറ്റുന്നു.
നിനക്ക് ആരുടെ മുഖം ? അറിയില്ല, നിനക്കും, എനിക്കും.
എന്റെ മറുരൂപമായ നിഴലിനെ
ഞാൻ സ്നേഹിക്കണമോ, അറിയില്ല.
പക്ഷേ, നിഴലെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
അതിലേറെ, ഞാൻ അഭിനയിക്കുന്ന  ഈ
നിഴൽ നാടകത്തിലെ എന്റെ കഥാപാത്രവും.
നാലു വീലിൽ ചിലർ വരുന്നു,
നാലു കാലിൽ ചിലർ വരുന്നു.
രണ്ടു കാലിൽ ചിലർ വരുന്നു,
രണ്ടു വീലിൽ ചിലർ വരുന്നു.
ജീവനോടെ വന്നവർ,
ജീവനേകി മറഞ്ഞു പോയ്‌.
ജീവനില്ലാതെത്തിയോർ,
ജീവനേറ്റു, പറഞ്ഞു പോയ്‌.
ചൂടു കൂടി വന്നവർ,
തണുത്തുറഞ്ഞു  മരച്ചു പോയ്‌.
തണുത്തു വിറച്ചു വന്നവർ,
ചൂടിനാലെ പുറത്തു പോയ്‌.
പലർ വന്നു , ചിലർ വന്നു .
കലണ്ടറുകൾ മാറി മാറി വന്നു.
ചുരുണ്ടു കൂടിയിപ്പോഴും കിടക്കുന്നു;
ഒരു പഴയ സ്റ്റെതസ്കോപ്പ്,
പട്ടയം കിട്ടുമോയെന്നുറ്റു നോക്കി.
സ്വന്തം ഹൃദയമിടിപ്പു നോക്കാൻ മറന്നുപോയി.
എനിക്കൊരു മരമായി ഇനി ജനിക്കണം.
ബന്ധങ്ങൾ ബന്ധനങ്ങളാകാതെ,
ഏകനായി ജീവിക്കണം.
കാറ്റടിക്കുമ്പോൾ വേരുകളമർത്തി ചവിട്ടി
വീഴാതെ നില്ക്കണം.
കൈകൾ വിരിച്ചുനെഞ്ചുവിരിച്ചു അങ്ങനെ നില്ക്കണം.
പിന്നെ, തോളോടു തോളുരുമ്മി ചേർന്നുപോകുന്ന
കമിതാക്കളെ നോക്കി പറയണം,
ബന്ധങ്ങൾ ബന്ധനങ്ങളായാൽ,
ബന്ധം പിരിയുമ്പോൾ നെഞ്ഞുള്ളം നൊന്തിടും.
സത്യമായും,
എനിക്കൊരു മരമായി ജനിക്കണം.
നീ തന്ന പനിനീർപ്പുഷ്പം
ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു.
അതിന്റെ കടുംചുവപ്പ് വർണ്ണം,
എന്റെ രക്തവുമായി കലർന്നു.
എന്റെ രക്തത്തിനിപ്പോൾ
പനിനീർപ്പുഷ്പത്തിന്റെ സുഗന്ധമാണ്,
നിന്റെ പ്രണയത്തിന്റെ ഗന്ധം!
ആയിരം പനിനീർപ്പുഷ്പങ്ങളിലും
നിന്റെ പ്രണയത്തിന്റെ വർണ്ണം കണ്ടു.
അവയൊന്നൊന്നായ്  ചൊരിഞ്ഞത്,
നമ്മുടെ പ്രണയത്തിന്റെ സുഗന്ധവും!!
-1-
മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ, പച്ച വെറ്റിലയും കൊട്ടം പാക്കും
ഉണക്കപ്പൊയിലയും നനഞ്ഞ ചുണ്ണാമ്പും,
തമ്മിൽ ഇണങ്ങാനാകാതെ,
കിടന്നു മുറുമുറുക്കുന്നതിന്റെ ഒരു ഗന്ധം
എപ്പോഴും ഉണ്ടാകും.
ആ വെറ്റില ചെല്ലം എടുത്തു ഞാൻ
പൂഴി വാരിക്കളിക്കുമ്പോൾ
മുത്തശ്ശിയുടെ കോപത്തിനും
മുറുക്കിത്തുപ്പിയ കോളാമ്പിയ്ക്കും
ഒരേ വർണമായിരുന്നു.
-2-
മുത്തശ്ശന്റെ വെണ്‍ചുട്ടിത്തുവർത്തിന്റെ ഗന്ധം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ മുത്തശ്ശന്റെ മണം മാത്രമേയുള്ളൂ.
തെമ്മാടിത്തം കലർന്ന ഒരു തൻറെടിയുടെ,
അഹങ്കാരത്തിന്റെ, ശൌര്യത്തിന്റെ ഗന്ധം.
പട്ടച്ചാരായം തലയ്ക്കു പിടിച്ചു,
കോപത്തിൽ തിളച്ചു വറ്റി,
രോമകൂപങ്ങളിലൂടെ ആവിയായി
മാറുന്നതിന്റെ,  ലഹരിയുടെ ഗന്ധം.
പരൽമീനുകളെ പിടിക്കാൻ
ഞാനാത്തുവർത്തെടുത്താൽ,
മുത്തശ്ശനും ദേഷ്യപ്പെടുമായിരുന്നു.
-3-
പുതുമഴ പെയ്തപ്പോൾ,
കുഴിമാടത്തിൽ പൂത്ത ചെമ്പകം
വെള്ളയും ചുവപ്പും കലർന്നതായിരുന്നു,
താഴെ വീണ പൂക്കൾക്ക്, എന്തെന്നില്ലാത്ത
വാൽസല്യത്തിന്റെ സുഗന്ധവും.
അതിൽ ഒരെണ്ണം ഞാൻ എടുത്തു.
വെറുതേ എന്റെ മേശപ്പുറത്തു വെയ്ക്കാൻ.
-4-
എന്നിട്ടും,
ഇപ്പോൾ എനിക്കു പൂഴി വാരിക്കളിക്കുവാനും,
പരൽമീനുകളെ പിടിക്കുവാനും ആകുന്നേയില്ല ;
വഴക്കുകളൊന്നും ഇല്ലെങ്കിലും.
ആളുകൾ കൂടിയ, ആ സന്ധ്യയിൽ,
എന്നിലെ ബാല്യവും അവർക്കൊപ്പം
ചിതയിൽ ഉരുകിപ്പോയി.
ആരും കാണാതെ നിനക്കായോളിപ്പിച്ച മയിൽപ്പീലി
നീയറിയാതെ നിന്റെ പുസ്തകത്തിൽ നിന്നെടുത്തതായിരുന്നു.
അതിലെ നീലിമയിൽ ഞാൻ എന്നും കണ്ടത്
നിന്റെ കുസൃതിക്കണ്ണിലെ സ്വപ്നങ്ങളായിരുന്നു.
നാമോരോരുത്തരും മയിൽപ്പീലിക്കണ്ണിലെ
നാനാ വർണ്ണങ്ങളാണെന്ന് എനിക്കെന്നും തോന്നി.
എപ്പോഴും പരസ്പരം അടുത്തടുത്താണെങ്കിലും
ഒരു മുടിയിഴയുടെയകലം എപ്പോഴും പാലിക്കേണ്ടവർ,                  
സ്വപ്നങ്ങൾ നെയ്തു കൂട്ടിയാലും, എത്ര മോഹിച്ചാലും,
തമ്മിൽ ആ സ്വപ്നം പങ്കുവയ്ക്കുവാനാകാതെ വേദനിക്കുന്നവർ.
അതെ, ആ മയിൽപ്പീലി ഒരു ദുഃഖസൂചകമാണ് ;
നിസ്സംശയം, അതിലെ വർണ്ണങ്ങൾ നാം തന്നെയാണ്.
അതിനുമരണമില്ലയിനി, കിനിഞ്ഞിറങ്ങിയ നോവുകൾ,
ശല്ക്കങ്ങളായി അതിൽ പറ്റിപ്പിടിച്ച് വേട്ടയാടുകയാണ്.
നിന്റെ പുസ്തകത്തിൽനിന്നു ഞാൻ എടുത്തെങ്കിലും,
എന്റെ താളുകളിൽ ശ്വാസം മുട്ടിയതുനെടുവീർപ്പിടുന്നു.
ഒട്ടിയിരുന്ന താളുകളെ തമ്മിലകറ്റിയ മയിൽപ്പീലി
ഞാനാണെന്ന് പറഞ്ഞപ്പോൾ നമ്മളെന്നു നീ പറഞ്ഞു.
വർഷങ്ങൾ പലതു കൊഴിഞ്ഞു, മയിൽപ്പീലിയിലെ
നിറങ്ങൾ വാടിയില്ല, അതിനു തിളക്കമേറിയതേയുള്ളൂ.
പുസ്തകത്താളിൽ ഭദ്രമായി അടച്ചതുകൊണ്ടാണോ
എനിക്ക്, അതിനെ നിനക്ക് തരുവാനാകാതെ  പോയത് ;
അതോ, ആ മയിൽപ്പീലി എനിക്കത്രയിഷ്ടമായതുകൊണ്ടാണോ ?
നീ , പ്രിയപ്പെട്ട മയിൽപ്പീലി നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും എന്തേ,
ഇത്രയും നാളുമതു തിരികെ ചോദിച്ചില്ല, അറിയില്ലെനിക്ക്.
ഇനിയും ചോദിച്ചാലും എനിക്കതുതിരികെത്തരാനാവില്ല.
കാരണം, ആ നിറമെല്ലാം എന്റെ അടച്ചുവെച്ച പഴയ
പുസ്തകത്താളുകളിൽ ആത്മാവായ് അലിഞ്ഞുചേർന്നു.
നിറമില്ലാത്ത, ദ്രവിച്ചയൊരു മയിൽപ്പീലി, ഇനിയും നിനക്ക്
തിരിച്ചുതരാൻ എനിക്കൊരിക്കലും കഴിയില്ല. കാരണം,
അപ്പോൾ, അന്നാൾ എന്റെ പുസ്തകത്താളുകൾ മരിച്ചുപോകും.
അതിലെ മോഹഗന്ധവും ചിറകുകൾ വീശിപ്പറന്നുപോകും ദൂരെ.
ആരും കൈകൊട്ടാതെ പറന്നു വരുന്ന ബലിക്കാക്ക കാണാതെ
ഞാൻ തിരിഞ്ഞുനടക്കും, കാൽച്ചുവടുകൾ എണ്ണിനോക്കാതെ.

— The End —