ഒരു ദുർമ്മോഹത്തിന്റെ ശാപം ഇപ്പോഴും കിനിയുന്ന നോവായി ഭൂതത്തിനെ വരിഞ്ഞു മുറുക്കുന്നു. ശ്വാസം വിടാനാകാതെ കുടത്തിൽ കിടന്ന നാളുകൾ. പുറം ലോകം കാണാൻ കൊതിച്ച നിമിഷങ്ങൾ. കുടം തനിക്ക് എന്നേ അന്യമായി എന്ന് ഭൂതം അറിഞ്ഞിരുന്നില്ല. ഭൂതം ഇറങ്ങി പോയപ്പോൾ കുടത്തിൽ ഒരു കരിന്തേൾ കയറി. ലോകസ്ഥാപനത്തിനും മുൻപേ മരണമില്ലാത്ത ദുർമന്ത്രവാദി നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന മന്ത്രശകലങ്ങൾ കാണാതെ പഠിച്ച്, ആ കരിന്തേൾ കുടത്തിനെ മയക്കിയെടുത്തു. ആരുമില്ലാതെ, ഉണങ്ങിയ മരച്ചില്ലയിൽ കരഞ്ഞുകൊണ്ടിരുന്ന ഭൂതം തന്റെ കുടം പൊയ്പോയതറിഞ്ഞില്ല. വിഷമുള്ളിൽ കിനിഞ്ഞ വിധിയുടെ കണ്ണീർ സിരകളിലൂടെ പടർന്നപ്പോൾ ഭൂതമില്ലാത്ത കുടം പൊട്ടിച്ചിതറി. ഭൂതമിപ്പോഴും കുടമില്ലാതെ അലഞ്ഞു നടക്കുന്നു. കളിമണ്ണു തേടുന്ന കുശവനെപ്പോലെ. ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ ആഹ്ലാദത്തിൽ കരിന്തേൾ അട്ടഹസിക്കുന്നു.