ആയിരം മുള്ളുകൾ നിറഞ്ഞയീക്കാട്ടുപാതയിൽ നിങ്ങളെന്തിനെന്നെയേകയാക്കി? വന്യമൃഗങ്ങളുടെ വിശപ്പിൻ വിളികൾക്കു മറുപടിയായി എന്തിനെന്റെ പേർ കുറിച്ച് നീട്ടി? ഒരേയൊരപേക്ഷ, ഞാൻ ചോദിച്ചോട്ടെ, സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ. വിഷമേറ്റാർത്ത നാദത്തിൽ പാഞ്ഞിടും കൂർത്തോരമ്പുകൾ തൻ ദാഹിച്ച നാവുകൾ, എന്റെ ഞരമ്പിലെ വറ്റുന്ന ചോരയിൻ ഉപ്പു രുചിക്കുവാൻ പാഞ്ഞടുത്തീടവേ, നിന്ന നിൽപ്പിൽ തിരിഞ്ഞു ഞാൻ മെല്ലെയെൻ നിഴലിനോട് തന്നേ ചോദിച്ചു, ഞാൻ ജീവിച്ചോട്ടെ. നഗ്നമാം കാട്ടിലെൻ തോലുരിഞ്ഞപോൽ ഭൂമി വിഴുങ്ങിയ പൊള്ളുന്ന സത്യങ്ങൾ. ഉള്ളിൽത്തിളച്ചു തിമിർത്തൊരു ഗർഭമായ്, എന്നെ വിഴുങ്ങുവാൻ പൊങ്ങുന്ന സത്വമായ്. തീമഴപെയ്തുനിൻകണ്ണുകലങ്ങിയഗ്നിപ്പുഴ യോഴുകുന്നതിനും മുൻപേ ഞാൻ ചോദിച്ചിടാം, വീണ്ടുമപേക്ഷിക്കാം, ഞാനും ജീവിച്ചോട്ടെ. പല്ലുകൾ മൂർച്ചയേറുന്നു, നഖങ്ങൾ കൂർത്തിടുന്നു. കിനിഞ്ഞ രക്തപ്പുഴ തിരിച്ചൊഴുകിയെൻമജ്ജയിൽ പ്രവാഹങ്ങൾ പ്രപഞ്ചസത്യമെഴുതിവയ്ക്കുന്നു. യുഗങ്ങൾ ചെയ്ത തപസ്സിന്റെയന്ത്യം കാണാൻ, കാത്തിരിക്കാതെ കാലം ഗുഹയിൽ സമാധിയായി. മൂക സാക്ഷിയായി മൌനത്തെ സാധകം ചെയ്തു ഞാൻ, പീയൂഷ വർഷത്തിലാദ്യ രോദനമായ്, കാലമായ് ആരും കേൾക്കാത്തയത്രയുറക്കെയലറുന്നു. സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ. തമസ്സിന്റെ താളമായ് നിലാവിന്റെ നിശ്വാസമായ്, ആയിരമാണ്ടുകൾ തേരേറിവന്നയേകസഖിത്വമായ്, ഏറ്റുവാങ്ങും ഏങ്ങിക്കരഞ്ഞിടും എന്റെയീനിഗൂഡജന്മം .