ഇല്ല, അയാൾ തിരിച്ചുവരില്ല, മുഷിഞ്ഞത് കിടക്ക വിരി അല്ലായിരുന്നു അയാളുടെ അനുഭവങ്ങൾ അലക്കി വെളുപ്പിച്ച ജീവിതമായിരുന്നു ഒഴിഞ്ഞത് മദ്യക്കുപ്പി മാത്രമായിരുന്നില്ല അയാളുടെ സ്വപ്നങ്ങൾ നിറച്ച ഹൃദയത്തിൻ അറകൾ ആയിരുന്നു അയാൾ ഏറെ താലോലിച്ചു, പിന്നെ ജീവനടർത്തിക്കളഞ്ഞപ്പോളായിരുന്നു പാവക്കുട്ടിപോലെ അയാളുടെ നായക്കുട്ടി നിശ് ചലമായത് കുമിഞ്ഞുകൂടിയത് പാഴ്ക്കടലാസായിരുന്നില്ല, പൊതികളും തുണിക്കഷണങ്ങളും ആയിരുന്നില്ല മറിച്ച്, അയാൾക്ക് പ്രിയപ്പെട്ട കവിതയും, പ്രണയിനിക്കായി കാത്തുവെച്ച വളപ്പൊട്ടുകളും അവൾക്കു കൊടുക്കുവാനുള്ള പുടവയുമായിരുന്നു. സുഖാലസ്യത്തിന്റെ അവശിഷ്ടങ്ങളായിരുന്നില്ല അതൊന്നും പക്ഷെ , അയാളുടെ പ്രണയ ദു:ഖത്തിന്റെ സ്മാരകങ്ങൾ ആയിരുന്നു; അയാളുടെ നോന്തുനീറിയ ഹൃദയം തീർത്ത വേദനയായിരുന്നു. മുറിയില് നിറഞ്ഞിരുന്ന ആനന്ദത്തിന്റെ ഉടമയെവിടെ ? അയാൾ ഇനി വരില്ല. വിറങ്ങലിച്ച അയാൾ മരങ്ങളുടെ വേരിന്റെയാലിംഗനത്തിൽ വല്ലാതെ ലയിച്ചുപോയി, പച്ച മണ്ണിന്റെ ഗന്ധം അയാളെ പ്രണയിച്ചു തുടങ്ങിയിരുന്നു. ആ തടിപ്പെട്ടി, അതിൽ കെട്ടപ്പെട്ടിരിക്കുന്നത് ഒരിക്കലും മോക്ഷം പ്രാപിക്കാനാകാത്ത അയാളുടെയും പ്രണയിനിയുടെയും ചുംബിച്ചുറങ്ങുന്ന നാഗങ്ങളായി മാറിയ ആത്മാക്കളാണ് . അരുത് , ആ തടിപ്പെട്ടി ഒരിക്കലും തുറക്കരുത് അതവിടിരിക്കട്ടെ.