ആരും കാണാതെ നിനക്കായോളിപ്പിച്ച മയിൽപ്പീലി നീയറിയാതെ നിന്റെ പുസ്തകത്തിൽ നിന്നെടുത്തതായിരുന്നു. അതിലെ നീലിമയിൽ ഞാൻ എന്നും കണ്ടത് നിന്റെ കുസൃതിക്കണ്ണിലെ സ്വപ്നങ്ങളായിരുന്നു. നാമോരോരുത്തരും മയിൽപ്പീലിക്കണ്ണിലെ നാനാ വർണ്ണങ്ങളാണെന്ന് എനിക്കെന്നും തോന്നി. എപ്പോഴും പരസ്പരം അടുത്തടുത്താണെങ്കിലും ഒരു മുടിയിഴയുടെയകലം എപ്പോഴും പാലിക്കേണ്ടവർ, സ്വപ്നങ്ങൾ നെയ്തു കൂട്ടിയാലും, എത്ര മോഹിച്ചാലും, തമ്മിൽ ആ സ്വപ്നം പങ്കുവയ്ക്കുവാനാകാതെ വേദനിക്കുന്നവർ. അതെ, ആ മയിൽപ്പീലി ഒരു ദുഃഖസൂചകമാണ് ; നിസ്സംശയം, അതിലെ വർണ്ണങ്ങൾ നാം തന്നെയാണ്. അതിനുമരണമില്ലയിനി, കിനിഞ്ഞിറങ്ങിയ നോവുകൾ, ശല്ക്കങ്ങളായി അതിൽ പറ്റിപ്പിടിച്ച് വേട്ടയാടുകയാണ്. നിന്റെ പുസ്തകത്തിൽനിന്നു ഞാൻ എടുത്തെങ്കിലും, എന്റെ താളുകളിൽ ശ്വാസം മുട്ടിയതുനെടുവീർപ്പിടുന്നു. ഒട്ടിയിരുന്ന താളുകളെ തമ്മിലകറ്റിയ മയിൽപ്പീലി ഞാനാണെന്ന് പറഞ്ഞപ്പോൾ നമ്മളെന്നു നീ പറഞ്ഞു. വർഷങ്ങൾ പലതു കൊഴിഞ്ഞു, മയിൽപ്പീലിയിലെ നിറങ്ങൾ വാടിയില്ല, അതിനു തിളക്കമേറിയതേയുള്ളൂ. പുസ്തകത്താളിൽ ഭദ്രമായി അടച്ചതുകൊണ്ടാണോ എനിക്ക്, അതിനെ നിനക്ക് തരുവാനാകാതെ പോയത് ; അതോ, ആ മയിൽപ്പീലി എനിക്കത്രയിഷ്ടമായതുകൊണ്ടാണോ ? നീ , പ്രിയപ്പെട്ട മയിൽപ്പീലി നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും എന്തേ, ഇത്രയും നാളുമതു തിരികെ ചോദിച്ചില്ല, അറിയില്ലെനിക്ക്. ഇനിയും ചോദിച്ചാലും എനിക്കതുതിരികെത്തരാനാവില്ല. കാരണം, ആ നിറമെല്ലാം എന്റെ അടച്ചുവെച്ച പഴയ പുസ്തകത്താളുകളിൽ ആത്മാവായ് അലിഞ്ഞുചേർന്നു. നിറമില്ലാത്ത, ദ്രവിച്ചയൊരു മയിൽപ്പീലി, ഇനിയും നിനക്ക് തിരിച്ചുതരാൻ എനിക്കൊരിക്കലും കഴിയില്ല. കാരണം, അപ്പോൾ, അന്നാൾ എന്റെ പുസ്തകത്താളുകൾ മരിച്ചുപോകും. അതിലെ മോഹഗന്ധവും ചിറകുകൾ വീശിപ്പറന്നുപോകും ദൂരെ. ആരും കൈകൊട്ടാതെ പറന്നു വരുന്ന ബലിക്കാക്ക കാണാതെ ഞാൻ തിരിഞ്ഞുനടക്കും, കാൽച്ചുവടുകൾ എണ്ണിനോക്കാതെ.