പള്ളിക്കൂടത്തിലെ വികൃതിപ്പയ്യൻ അതിരാവിലെ അമ്മ എഴുന്നേറ്റു കഷ്ടപ്പെട്ടു പോതിച്ചോറുണ്ടാക്കി കൊടുത്തു വിടുന്നതിന്റെ വില അവനറിയില്ലായിരുന്നു. കാക്കകളായിരുന്നു, മുട്ട വറുത്തതും, തോരനും, ചമ്മന്തിയും, ചോറും മത്സരിച്ചു കഴിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുവരുന്നതു തന്നെ അവനിഷ്ടമല്ലായിരുന്നു. അവൻ കുറുമ്പുള്ളവനായിരുന്നു. പറഞ്ഞാലനുസരിക്കാത്തവൻ. എന്തിനോടും പുച്ഛമുള്ളവൻ.
നാല്പതു വർഷത്തിനു ശേഷം.
അയാൾ യാത്രയിലായിരുന്നു. കയ്യിൽ കാര്യമായി പൈസയുമില്ല. വയർ പതിവുപോലെ വിശപ്പിന്റെ ശംഖ് ഊതുന്നു. അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നവൻ, മധുരമായി സംസാരിക്കുന്ന ചെറുപ്പക്കാരൻ, അയാളുടെ നാസാരന്ധ്രങ്ങളെ തൊട്ടുതലോടിക്കൊണ്ട് പൊതിച്ചോർ അഴിക്കുന്നു. നീളൻ പയർ മെഴുക്കുവരട്ടി, ചുട്ടരച്ച തേങ്ങാച്ചമ്മന്തി, ചെറിയ കുപ്പിയിൽ, കാച്ചിയ മോര് , വറുത്ത പോത്തിറച്ചി പിന്നെ കുത്തരിച്ചോർ. ഇതൊന്നും അവൻ അയാളെ കാണിച്ചില്ല. പക്ഷെ, അയാളുടെ തലച്ചോർ അതു തിരിച്ചറിഞ്ഞു. അയാളുടെ വിശപ്പിന്റെ നെരിപ്പോടിൽ നീറ്റൽ കൂടുന്നു. അതങ്ങനെയാണ്, നന്നായി വിശക്കുമ്പോൾ, കടുകുമണിക്കു പോലും നല്ല വാസന തോന്നും. തേങ്ങാച്ചമ്മന്തി ഇത്രയേറെ രുചിയേറിയ വിഭവമോ? ഇതറിഞ്ഞാൽ, അമ്മ ഇനി എല്ലാ യാത്രയിലും പൊതിച്ചോർ തന്നുവിടും. പോതിച്ചോറിലെ നന്മ അയാൾ ഇന്നു തിരിച്ചറിഞ്ഞു. പത്തു രൂപയുടെ വിലയും. ഇറങ്ങേണ്ട സ്ഥലമായി. ചോറുണ്ടവൻ നല്ല മയക്കത്തിലാണ് . നന്ദി സഹയാത്രികാ, പൊതിച്ചോറിന്റെ വില മനസ്സിലാക്കിത്തന്നതിന്. പുറത്തു കാക്കകളും ഉച്ചിഷ്ടത്തിനായി ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. .